സൗദിയിലെ അല്‍ഫാവ് എന്ന സ്ഥലത്ത് നടത്തിയ ശിലാലിഖിതങ്ങളടക്കമുള്ള പുരാവസ്തു കണ്ടെത്തലുകള്‍ സൗദി ഹെറിറ്റേജ് കമ്മീഷന്‍ പുറത്തുവിട്ടു. സൗദി-അന്താരാഷ്ട്ര ശാസ്ത്ര സംഘമാണ് അവ കണ്ടെത്തിയത്. പഴയ കിന്ദ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അല്‍ഫാവ്, വാദി അല്‍ദവാസിര്‍-നജ്‌റാന് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആധുനിക പാതയില്‍ വാദി അല്‍ദവാസിറിന് 100 കിലോമീറ്റര്‍ തെക്ക് അല്‍റുബ് അല്‍ഖാലിയുടെ അരികിലാണ് സ്ഥിതി ചെയ്യുന്നത്.
ഹെറിറ്റേജ് കമ്മീഷന്‍ നേതൃത്വം നല്‍കുന്ന പദ്ധതിയില്‍, സൗദിയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര പുരാവസ്തു ഗവേഷക സംഘം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥലത്ത് സമഗ്രമായ സര്‍വേ നടത്തി. ഉയര്‍ന്ന നിലവാരമുള്ള ഏരിയല്‍ ഫോട്ടോഗ്രാഫി, ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ ഉപയോഗിച്ച് ഗൈഡഡ് ഡ്രോണ്‍ ഫൂട്ടേജ്, ടോപ്പോഗ്രാഫിക് സര്‍വേ, വിദൂര സംവേദനം, ഭൂമിയിലേക്ക് തുളച്ചുകയറുന്ന റഡാര്‍, ലേസര്‍ സ്‌കാനിംഗ്, ജിയോഫിസിക്കല്‍ സര്‍വേ, വാക്ക്ഓവര്‍ സര്‍വേ, സോണ്ടേജ് തുടങ്ങിയ സങ്കേതങ്ങളുപയോഗിച്ചായിരുന്നു പഠനം.
സര്‍വേ നിരവധി കണ്ടെത്തലുകള്‍ക്ക് കാരണമായി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ശിലാനിര്‍മിത ആരാധനാലയ അവശിഷ്ടങ്ങളും ബലിപീഠത്തിന്റെ ഭാഗങ്ങളുമാണ്, അല്‍ഫാവിലെ പ്രദേശവാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച സൂചന നല്‍കുന്നതാണിത്. അല്‍ഫാവിന് കിഴക്ക് ഖാഷെം ഖരിയ എന്നറിയപ്പെടുന്ന തുവൈഖ് പര്‍വതത്തിന്റെ അരികിലാണ് പാറയില്‍ വെട്ടിയ ദേവാലയം.
കൂടാതെ, 8,000 വര്‍ഷം പഴക്കമുള്ള നിയോലിത്തിക്ക് മനുഷ്യവാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളും സൈറ്റിലുടനീളം വിവിധ കാലഘട്ടങ്ങളിലെ 2,807 ശവക്കുഴികളും കണ്ടെത്തി. അവ രേഖപ്പെടുത്തി ആറ് ഗ്രൂപ്പുകളായി തിരിച്ചു.
മൈതാനത്തുടനീളം നിരവധി ഭക്തിനിര്‍ഭരമായ ലിഖിതങ്ങള്‍ കണ്ടെത്തി, സൈറ്റില്‍ അധിവസിച്ചിരുന്ന സമൂഹത്തിന്റെ മതവിശ്വാസ സമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തെ ഇത് സമ്പന്നമാക്കുന്നു. ഗുവേറയിലെ പ്രദേശവാസികളായ മല്‍ഹ കുടുംബത്തില്‍നിന്നുള്ള വഹ്ബ് അല്ലത്ത് എന്ന വ്യക്തി അല്‍ഫാവിന്റെ ദേവനായ കഹാല്‍ ദേവനെ അഭിസംബോധന ചെയ്ത ജബല്‍ ലഹഖ് സങ്കേതത്തിലെ ലിഖിതവും ഇവയില്‍ ഉള്‍പ്പെടുന്നു. ലിഖിതം അല്‍ജര്‍ഹ നഗരത്തില്‍നിന്നുള്ള ഒരു കുടുംബത്തിന് സമര്‍പ്പിക്കുന്നതും സങ്കേതം നിര്‍മ്മിച്ച സ്ഥലത്തിന്റെ പുരാതന നാമത്തെ പരാമര്‍ശിക്കുന്നതുമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.