വിശുദ്ധ ഹജ്ജിനായി സൗദിയിലെത്തുന്ന ഹാജിമാരെ എയർപോർട്ടുകളിൽ സ്വീകരിക്കുന്നത് 13 ഭാഷകളിലെന്ന് ജനറൽ ഡയരക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. മക്ക റോഡ് ഇനീഷ്യേറ്റീവിന്റെ ഗുണഭോക്താക്കളും അല്ലാത്തവരുമായ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് ഈ സേവനം ലഭിക്കുമെന്നും വിവധ ഭാഷകളിൽ സ്വീകരണം നൽകുന്ന ഫീൽഡ് ടീമുകളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ജനറൽ ഡയരകടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. ജിദ്ദയിലെ കിംങ് അബ്ദുൽ അസീസ് എയർപോർട്ടിലും മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ടിലും 13 ഭാഷകളിലുള്ള നിർദേശങ്ങൾ നൽകിയാണ് ഹാജിമാരെ സ്വീകരിക്കുന്നത്. പേർഷ്യൻ, ബംഗ്ലാദേശ്, പോർച്ചുഗീസ്, ജാപാനീസ്, തുർക്കിഷ്, ഉർദു, സ്പാനിഷ്, ഇംഗ്ലീഷ് തുടങ്ങിയ 13 ഭാഷകളാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. തീർഥാടകർക്കു അവരവരുടെ ഭാഷയിൽ വിവരങ്ങൾ നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഹാജിമാർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലും പ്രയാസങ്ങളില്ലാതേയും വിശുദ്ധ ഭൂമിയിലെത്തി ഹജും ഉംറയും നിർവഹിക്കാൻ അവസരമൊരുക്കുക എന്നതാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം.