റിയാദ് – 450 ലേറെ ബിനാമി ബിസിനസ് കേസുകള്‍ ഈ വര്‍ഷം ഇതുവരെ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന് അല്‍ഹുസൈന്‍ അറിയിച്ചു. വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലും കണ്ടെത്തുന്ന ബിനാമി ബിസിനസ് കേസുകള്‍ പ്രാഥമികാന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതാണ്.
ബിനാമി ബിസിനസ് സ്ഥാപനങ്ങളും മറ്റു വാണിജ്യ നിയമ ലംഘനങ്ങളും കണ്ടെത്താന്‍ ശ്രമിച്ച് ഈ വര്‍ഷം ഇതുവരെ വ്യാപാര സ്ഥാപനങ്ങളില്‍ 1,27,000 ലേറെ ഫീല്‍ഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ബിനാമി വിരുദ്ധ പോരാട്ട മേഖലയില്‍ ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും സംയോജനത്തോടെ പ്രവര്‍ത്തിക്കുന്നു. നേരത്തെ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ലൈസന്‍സുകളും മറ്റും പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ചെയ്തിരുന്നത്. ഡാറ്റകള്‍ ഏകീകരിച്ചതോടെ ഓരോ വകുപ്പിന്റെയും ഇലക്ട്രോണിക് സംവിധാനങ്ങളില്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വിവരങ്ങളും ലഭ്യമാണെന്നും അബ്ദുറഹ്മാന് അല്‍ഹുസൈന്‍ വ്യക്തമാക്കി.