റിയാദ് – തീറ്റയുടെ വില കൂടിയതും ആവശ്യക്കാരേറിയതും കാരണം ഒരു ട്രേ കോഴിമുട്ടയുടെ വില 27 റിയാലിലെത്തി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ അഞ്ചു റിയാലിന്റെ വർദ്ധനവാണ് വിലയിൽ ഉണ്ടായത്.
നേരത്തെ 20 നും 22 നും ഇടയിലായിരുന്ന വിലയാണ് കഴിഞ്ഞ ദിവസം 27 ലെത്തിയത്. എന്നാൽ ചില കമ്പനികൾ വില വർധിപ്പിക്കാതെ വിപണിയിൽ പിടിച്ചു നിൽക്കുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്‌സ് അറിയിച്ചു. ഈ വർഷം ആദ്യം മുതൽ തന്നെ ചില കോഴി ഫാം ഉടമകളും ഇറക്കുമതിക്കാരും മുട്ടക്ക് വില വർധിപ്പിച്ചിരുന്നു. ആവശ്യക്കാർ കൂടിയതും തീറ്റക്ക് വില കൂടിയതും മരുന്നുകളും വിറ്റാമിനുകളും ഇറക്കുമതി ചെയ്യേണ്ടിവരുന്നതുമാണ് ചില ഫാം ഉടമകൾ വില വർധിപ്പിച്ചിരിക്കുന്നതെന്ന് ജിദ്ദയിലെ പ്രമുഖ മാർക്കറ്റിലെ കച്ചവടക്കാരനായ മുഹമ്മദ് കമാൽ പറഞ്ഞു. അതേസമയം മുട്ട വില 27 ൽ എത്തിയിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വാണിജ്യ മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നും മറ്റൊരു കച്ചവടക്കാരനായ അബ്ദുല്ല അൽമാലികി പറഞ്ഞു.