സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ആറു മാസത്തിനിടെ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത് 7660 കോടി റിയാലെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം ആദ്യത്തെ ആറു മാസത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയിൽ വിദേശികൾ അയച്ച പണം 0.2 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ വിദേശികൾ 7670 കോടി റിയാൽ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ വിദേശികൾ അയച്ച പണം രണ്ടു ശതമാനം തോതിൽ കുറഞ്ഞു. ജൂണിൽ 1321 കോടി റിയാൽ (352 കോടി ഡോളർ) ആണ് ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി വിദേശികൾ സ്വദേങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ജൂണിൽ 1350 കോടി റിയാൽ വിദേശികൾ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ വിദേശികൾ അയച്ച പണത്തിൽ 29 കോടിയോളം റിയാലിന്റെ കുറവ് രേഖപ്പെടുത്തി. തുടർച്ചയായി രണ്ടാം മാസമാണ് വിദേശികൾ അയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. 2021 മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിൽ വിദേശികളുടെ റെമിറ്റൻസ് പത്തു ശതമാനം തോതിൽ കുറഞ്ഞിരുന്നു.