ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 31 ന് ഇന്ത്യയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടും

The first Hajj flight of this year will depart from India to Madinah on May 31

തീര്‍ത്ഥാടകരുമായി ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 31 ന് ഇന്ത്യയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി അറിയിച്ചു.മുഴുവന്‍ തീര്‍ത്ഥാടകരും കുറഞ്ഞത് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും,യാത്രക്ക് മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

79362 പേര്‍ക്കാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജ് ചെയ്യാന്‍ അവസരമുള്ളത്. ഇതില്‍ 56601 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും ബാക്കി വരുന്ന ഏകദേശം 30 ശതമാനം പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് പുണ്യ ഭൂമിയില്‍ എത്തുക. 50 ശതമാനം ഹാജ്ജിമാരും സ്ത്രീകളാണ്. ഇതില്‍ 1850 പേര്‍ മഹറമില്ലാതെ യാത്ര ചെയ്യുന്നവരാണ്.

മദീനയില്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും മസ്ജിദുല്‍ നബവിയുടെ സമീപത്ത് തന്നെ താമസ സൗകര്യം സജ്ജമാക്കീട്ടുണ്ട്. മക്കയില്‍ അസീസിയയിലാണ് താമസ സൗകര്യം ഒരുക്കുന്നത്. ഇവിടെ നിന്ന് ഹാജ്ജിമാര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ പോയിവരുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ബസ് കമ്പനികളുമായുള്ള കരാര്‍ പൂര്‍ത്തിയാക്കീട്ടുണ്ട്. മുന്‍ കാലത്തെ പോലെ തന്നെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണത്തിനും മറ്റു അടിയന്തിര ചിലവുകള്‍ക്കുമുള്ള സൗദി റിയാല്‍ അവരില്‍ നിന്ന് വാങ്ങിയ തുകയില്‍ നിന്നും യാത്രക്ക് മുമ്പ് നല്‍കും.

പത്ത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് ഇത്തവണ ഇന്ത്യയില്‍ ഉണ്ടാകുക ഇതില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ യാത്ര പുറപ്പെട്ട് തിരിച്ച് എത്തുന്നത് കൊച്ചി വിമാനത്താവളത്തില്‍ ആയിരിക്കും. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മാഹി എന്നിവടങ്ങളില്‍ നിന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഇത്തവണ കൊച്ചി എയര്‍ പോര്‍ട്ടില്‍ നിന്നാണ് യാത്ര ഉണ്ടാകുക. ഹജ്ജ് യാത്രക്കുള്ള വിമാനങ്ങള്‍ക്ക് വേണ്ടിയുള്ള ഗ്ലോബല്‍ ടെണ്ടര്‍ ഇത്തവണ ലഭിച്ചത് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ്, ഫ്‌ലൈ നാസ് എന്നീ വിമാന കമ്പനികള്‍ക്കാണ്. ഇതില്‍ എഴുപത് ശതമാനം ഹാജ്ജിമാരുടെ യാത്രയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ആയിരിക്കും.

ഈ വര്‍ഷം ഒരു തീര്‍ത്ഥാകന് വരുന്ന ചിലവ് മൂന്നര ലക്ഷത്തിന്റെ താഴെ ആയിരിക്കും.മുന്‍ വര്‍ഷങ്ങളിലെ ചിലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കിയതിന് സൗദി ഭരണകൂടത്തിന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ നന്ദി പറഞ്ഞു. അടുത്ത വര്‍ഷം ഇന്ത്യയുടെ ഹജ്ജ് കോട്ടയില്‍ വര്‍ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ സമയമാണ് എല്ലാ ഒരുക്കങ്ങള്‍ക്കും ലഭിച്ചത് അതിനാല്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികളും 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പ്രവാസി സംഘടനകള്‍ ഹാജ്ജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വില മതിക്കാനാവാത്തതാണ്.

കോഴിക്കോട് എയര്‍പോര്‍ട്ട് അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന എയര്‍പോര്‍ട്ട് കോഴിക്കോടാണ്. മലബാറിന്റെ തലസ്ഥാന കേന്ദ്രമായ കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ വികസനം ന്യായമായ ആവശ്യമാണ്. ഭൂമി ഏറ്റെടുത്ത് നകുന്നതിനുള്ള കാല താമസത്തിനു കാരണം കേരള സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസമാണ് എന്നാണ് മനസ്സിലാക്കുന്നത്. ആവശ്യമെങ്കില്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടും. ഹജ്ജ് കഴിഞ്ഞാല്‍ ഉടനെ ഇതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അബ്ദുല്ലക്കുട്ടി അറിയിച്ചു.

ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും,കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ആത്മീയ കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ സംഘടിപ്പിക്കാനുള്ള പദ്ധതി ആലോചനയില്‍ ഉണ്ടെന്നും എ പി അബ്ദുള്ളകുട്ടി കൂട്ടിച്ചേര്‍ത്തു.നാല് ദിവസത്തെ സൗദി സന്ദര്‍ശനം മക്കയിലും മദീനയിലും ജിദ്ദയിലും ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നെന്നും, മുന്‍ കാലങ്ങളില്‍ ഉള്ളത് പോലെ രാഷ്ട്രീയക്കാരുടെ ജംബോ ഗുഡ് വില്‍ ടീം ഹജ്ജിന് ഉണ്ടാവില്ല എന്നും അദ്ദേഹം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!