ദമാം – കിഴക്കന്‍ പ്രവിശ്യയിലേക്കുള്ള പൊതുഗതാഗതത്തിന്റെ ഭാഗമായി ഖത്തീഫ്, ദമാം ബസ് സര്‍വീസുകളുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി കിഴക്കന്‍ പ്രവിശ്യ നഗരസഭ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഒന്നാം ഘട്ടം ആരംഭിച്ചത്. സര്‍വീസ് നടത്തുന്ന കമ്പനി സാപ്‌കോയാണ് .
വടക്കന്‍ അല്‍കോബാര്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം റൂട്ട്, ദമാം കിംഗ് ഫഹദ് റോഡുള്‍ക്കൊളളുന്ന ഏഴാം റൂട്ട്, ദമാം സനാഇയ രണ്ട് ഉള്‍ക്കൊളളുന്ന എട്ടാം റൂട്ട് എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ബസുകള്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ബസ് ഉപയോഗിക്കാനുള്ള ബസ് സ്‌റ്റേഷനുകള്‍ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. 400 കിലോമീറ്റര്‍ ദൂരത്തില്‍ എട്ട് പാതകളാണ് ദമാമിനെയും ഖത്തീഫിനെയും ബന്ധിപ്പിക്കുന്നത്. 212 ബസ് സ്‌റ്റേഷനുകളും 77 ബസുകളുമാണ് ഈ റൂട്ടിലുണ്ടാവുക. ഈസ്‌റ്റേണ്‍ പ്രോവിന്‍സ് ബസസ് എന്ന ആപ്ലിക്കേഷൻ വഴിയാണ് യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഓരോ റൂട്ടിലെയും ബസുകളുടെ വിവരങ്ങളും ഈ ആപ്പിലുണ്ടാകും.