ഇസ്ലാമികകാര്യ മന്ത്രാലയം മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സുമായി സഹകരിച്ച് മക്കയിൽ സംഘടിപ്പിക്കുന്ന മുസ്ഹഫ് പ്രദർശനത്തിന് തുടക്കമായി. മക്ക പ്രവിശ്യ ഇസ്ലാമികകാര്യ മന്ത്രാലയ ശാഖാ മേധാവി ഡോ. സാലിം അൽഖാമിരി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആൻ അച്ചടി ഘട്ടങ്ങൾ സൂക്ഷ്മമായി സന്ദർശകരെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ ആദ്യ ദിവസം തന്നെ തീർഥാടകരും മക്ക നിവാസികളുമടക്കം നിരവധി പേർ സന്ദർശിച്ചതായി ഡോ. സാലിം അൽഖാമിരി പറഞ്ഞു. വിശുദ്ധ റമദാനിൽ ദിവസേന രാവിലെ ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെ എക്സിബിഷനിൽ സന്ദർശകരെ സ്വീകരിക്കും.
ഖുർആൻ അച്ചടി ഘട്ടങ്ങൾ, സാങ്കേതികവിദ്യകൾ, കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സ് വികസനം, ഖുർആൻ അച്ചടിക്ക് ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾ എന്നിവ അറിയാൻ പ്രദർശനം സന്ദർശകരെ സഹായിക്കുന്നു. കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സ് പുറത്തിറക്കിയ വ്യത്യസ്ത വലിപ്പത്തിലുള്ള മുസ്ഹഫുകൾ, വിവിധ ഭാഷകളിലുള്ള വിവർത്തനങ്ങൾ, വിശുദ്ധ ഖുർആനിന്റെ പഴയ കൈയെഴുത്ത് പ്രതികൾ എന്നിവയെല്ലാം എക്സിബിഷനിലുണ്ട്. ഇസ്ലാമിന്റെയും ലോക മുസ്ലിംകളുടെയും സേവനത്തിന് സൗദി ഭരണാധികാരികൾ നടത്തുന്ന വലിയ ശ്രമങ്ങൾ എടുത്തുകാണിക്കാനാണ് എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. സാലിം അൽഖാമിരി പറഞ്ഞു.