റിയാദ് – ലോറി ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷനല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വരും. ചരക്കു ലോറികളുടെ പദവി ശരിയാക്കാനും ചരക്ക് ഗതാഗത ലൈസന്‍സ് നേടാനും ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മധ്യവര്‍ത്തികള്‍ക്കും ലോറികള്‍ വാടകക്ക് നല്കുന്നവര്ക്കും പൊതുഗതാഗത അതോറിറ്റി അനുവദിച്ച സാവകാശമാണ് അവസാനിച്ചിരിക്കുന്നത്.
കാലാവധിയുള്ള പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് രജിസ്ട്രേഷനുള്ള, മൂന്നര ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ഒമ്പതില്‍ കൂടുതല്‍ ട്രക്കുകളും ലോറികളുമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കീഴിലെ ലോറികളുടെ രജിസ്ട്രേഷന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ആക്കി മാറ്റാനാണ് സാവകാശം അനുവദിച്ചിരിന്നത്. ഇങ്ങിനെ രജിസ്ട്രേഷന് മാറ്റുന്നവരെ രജിസ്ട്രേഷന് മാറ്റത്തിനും നമ്പര്‍ പ്ലേറ്റ് മാറ്റത്തിനുമുള്ള ഫീസുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പൊതുഗതാഗത അതോറിറ്റി പോര്‍ട്ടലിലെ ‘നഖ്ല്’ പ്ലാറ്റ്ഫോം വഴിയാണ് ലോറി ഡ്രൈവര്‍മാര്‍ പ്രൊഫഷനല്‍ കാര്‍ഡ് നേടേണ്ടത്. സൗദി ട്രാഫിക് നിയമം അനുസരിച്ച് കാലാവധിയുള്ള ഉമൂമി (പബ്ലിക്) ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്കാണ് പ്രൊഫഷനല്‍ കാര്‍ഡ് ലഭിക്കുന്നത്. ലൈസന്‍സുള്ള ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിനു കീഴിലായിരിക്കണം ഡ്രൈവര്‍മാര്‍ എന്നും വ്യവസ്ഥയുണ്ട്. താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ചരക്ക് ഗതാഗത സ്ഥാപനങ്ങളില്‍ നിയമാനുസൃതം ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന അജീര്‍ പ്ലാറ്റ്ഫോമില്‍നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടണമെന്നും സ്ഥാപനവുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കണമെന്നും വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ട്.