കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ മത്സ്യദ്വീപ് ഉദ്ഘാടനം ചെയ്തു. മേഖല ഗവർണർ അമീർ സഊദ് ബിൻ നായിഫ് ആലുസഊദാണ് അറേബ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മത്സ്യദ്വീപ് ഉദ്ഘാടനം ചെയ്തത്. മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രി മജീദ് അൽ ഹുഖൈൽ ചടങ്ങിൽ പങ്കെടുത്തു. മത്സ്യവ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഫിഷ് ഐലൻഡ് ഒരു ലക്ഷ്യസ്ഥാനമാകുമെന്ന് കിഴക്കൻ പ്രവശ്യ മേയർ ഫഹദ് അൽജുബൈർ പറഞ്ഞു. പദ്ധതി നടപ്പായി നിക്ഷേപസ്ഥലങ്ങൾ സജ്ജമാകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ വാണിജ്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്തെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമാണ് ഇത് നടപ്പാക്കിയത്. ദ്വീപ് സ്ഥാപിക്കുന്നതിന് ഏകദേശം 80 ദശലക്ഷം റിയാലാണ് ചെലവ്. അറേബ്യൻ ഗൾഫിൽ 120,000 ചതുരശ്ര മീറ്ററിൽ ഖത്വീഫ് മത്സ്യബന്ധന തുറമുഖത്തിനു സമീപത്താണ് സ്ഥിതിചെയ്യുന്നതെന്നും മേയർ പറഞ്ഞു. 6000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടമാണ് ഈ മാർക്കറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യങ്ങൾ. റീട്ടെയിൽ സ്റ്റോറുകൾ, മൊത്തവ്യാപാര സൈഡ് യാർഡ്, നിക്ഷേപ സൈറ്റുകൾ, ഐസ് ഫാക്ടറി, സ്റ്റോറേജ്-കൂളിങ് ഏരിയകൾ, വാണിജ്യ സൗകര്യങ്ങൾ എന്നിവ അതിലുൾപ്പെടുന്നു.