കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അത്യാവശ്യ സമയങ്ങളിലോ മറ്റേതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴോ മാത്രമേ ഇനി വാര്‍ത്താസമ്മേളനം ഉണ്ടാവുകയുള്ളൂ. അതോടൊപ്പം കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് പുറത്തുവിടുന്നതും നിര്‍ത്തും. വിദഗ്ധര്‍ക്കും മറ്റും കോവിഡ് കണക്കുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റു പല വഴികളിലൂടെയും കൈമാറും.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വിവരങ്ങള്‍ കൈമാറുന്നവര്‍ക്കും സമൂഹത്തെ ബോധവത്കരിക്കുന്നവര്ക്കും അദ്ദേഹം നന്ദി പറഞ്ഞു. സൗദിയില്‍ കോവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.