ജിദ്ദ – റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് കോര്‍ണിഷ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെയാണ് ഗതാഗത നിയന്ത്രണം നിലവിലുണ്ടാകുക. പ്രിന്‍സ് അബ്ദുല്‍ മജീദ് സ്ക്വാർ മുതല്‍ ഫലസ്തീന് റോഡും അല്‍ഹംറ റോഡും സന്ധിക്കുന്ന ഇന്റര്സെക്ഷന് വരെയുള്ള ഭാഗത്താണ് കോര്‍ണിഷ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുലര്‍ച്ചെ ഒന്നു മുതല്‍ നാലു വരെ ഈ ഭാഗത്ത് ഗതാഗതം പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ഇന്നു മുതല്‍ ഡിസംബര്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുള്ള സമയത്ത് റോഡ് അടച്ചിടും. ഈ സമയത്ത് ബദല്‍ പാതയായി അല്‍അന്ദലുസ് റോഡ് ഉപയോഗിക്കണമെന്ന് ഡ്രൈവര്‍മാരോട് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.