ജനുവരി മുതൽ മെയ് വരെയുള്ള അഞ്ചു മാസത്തിനിടെ 58,681 സ്ഥാപനങ്ങളിൽ ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം പരിശോധനകൾ നടത്തി. ഇരുപതു സർക്കാർ വകുപ്പുകളുടെ വിവരങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ഡാറ്റ അനലിസിസിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയും ബിനാമി സംശയിക്കുന്ന സ്ഥാപനങ്ങൾ മുൻകൂട്ടി നിർണയിച്ചാണ് നിയമ ലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പരിശോധനകൾ നടത്തുന്നത്.
കോൺട്രാക്ടിംഗ്, മൊത്ത വ്യാപാരം, ചില്ലറ വ്യാപാരം, ടെക്‌സ്റ്റൈൽസ്, റെഡിമെയ്ഡ്‌സ്, ഗതാഗതം, ലോജിസ്റ്റിക് സർവീസ്, കാർ വർക്ക് ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധനകൾ നടന്നത്.
സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.
ബിനാമി ബിസിനസിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കുകയും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുകയും കുറ്റക്കാരായ സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽനിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ഇവർക്ക് ആജീവനാന്ത വിലക്കുമേർപ്പെടുത്തും.