റിയാദ് – വാദി ദവാസിര്‍ അല്‍റെയ്ന്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിചുണ്ടായ അപകടത്തില്‍ സൗദി കുടുംബത്തിലെ എട്ട് അംഗങ്ങളും ഫിലിപ്പിനോ വേലക്കാരിയുമാണ് മരിച്ചത്. അപകടത്തില്‍പെട്ട വാഹനം കത്തിയമരുകയായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട 13 വയസ് പ്രായമുള്ള പെണ്‍കുട്ടി വാദി ദവാസിര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
രിജാല്‍ അല്മഇയില് നിന്ന് മാതാപിതാക്കളും അഞ്ചുകുട്ടികളും വീട്ടുജോലിക്കാരിയുമടക്കം എട്ടുപേര്‍ ജിഎംസിയില്‍ റിയാദിലേക്ക് അവധിയാഘോഷിക്കാന്‍ പോയ യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.
പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്കി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അതേസമയം ബീഷയിലേക്കുള്ള വാദി ദവാസിര്‍ അല്‍റെയ്ന്‍ റോഡില്‍ അപകടം നിത്യസംഭവമാണെന്നത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമാണ്. നിരവധി വളവുകളുളള ഈ സിംഗിള്‍ ലൈന്‍ റോഡില്‍ ഗതാഗതക്കുരുക്കും പതിവാണ്. ഇതൊഴിവാക്കാൻ റോഡിലെ ഗതാഗത സംവിധാനം പുനഃക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.