വിശുദ്ധ ഹറമിൽ ഇഅ്തികാഫ് രജിസ്‌ട്രേഷൻ റമദാൻ ഒന്നു മുതൽ അഞ്ചു വരെയുണ്ടാകുമെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ശൈഖ് ബദ്ർ അൽഫരീഹ് അറിയിച്ചു. അൽഹറമൈൻ ആപ്പ് വഴിയും ഹറംകാര്യ വകുപ്പ് വെബ്‌സൈറ്റ് വഴിയും ഇഅ്തികാഫ് രജിസ്‌ട്രേഷൻ നടത്താം. ഇതിനു പുറമെ, ഹറമിന്റെ പടിഞ്ഞാറു മുറ്റത്ത് കിംഗ് അബ്ദുല്ല ഗെയ്റ്റിനു (നമ്പർ 119) മുന്നിൽ സ്ഥാപിക്കുന്ന പ്രത്യേക കൗണ്ടർ വഴിയും ഇഅ്തികാഫിന് രജിസ്റ്റർ ചെയ്യാൻ സാധിക്കും.
ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നവർ ഹറം ജീവനക്കാരുമായി സഹകരിക്കുകയും നിയമ ലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. കൂടാതെ ഇഅ്തികാഫുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും മാനിക്കുകയും വേണം. ഇഅ്തികാഫ് ഇരിക്കുന്നവരുടെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ഹറംകാര്യ വകുപ്പ് വഹിക്കില്ലെന്നും ശൈഖ് ബദ്ർ അൽഫരീഹ് പറഞ്ഞു. റമദാൻ അവസാന പത്തിലാണ് വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കാൻ വിശ്വാസികൾക്ക് ഹറംകാര്യ വകുപ്പ് സൗകര്യമൊരുക്കുക.