വെള്ളിയാഴ്ച വിശുദ്ധ ഹറമിൽ നമസ്കാരങ്ങൾ നിർവഹിക്കാനും ഉംറക്കും മൂന്നര ലക്ഷത്തോളം പെർമിറ്റുകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വിശുദ്ധ ഹറമിൽ 3,46,324 പെർമിറ്റുകളും മസ്ജിദുന്നബവിയിൽ 10,941 പെർമിറ്റുകളുമാണ് അനുവദിച്ചത്. ഉംറ നിർവഹിക്കാൻ 1,03,986 പേർക്ക് പെർമിറ്റുകൾ അനുവദിച്ചു. വിശുദ്ധ ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുക്കാൻ 2,42,338 പെർമിറ്റുകളും അനുവദിച്ചു.
മദീന മസ്ജിദുന്നബവിയിൽ റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാൻ 7,073 പെർമിറ്റുകളും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താൻ 3,868 പെർമിറ്റുകളും വെള്ളിയാഴ്ച അനുവദിച്ചതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. വിശുദ്ധ ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുക്കാൻ പ്രതിദിനം ശരാശരി 76,608 പെർമിറ്റുകളും ഉംറ നിർവഹിക്കാൻ 64,299 പെർമിറ്റുകളും മസ്ജിദുന്നബവിയിൽ റൗദ ശരീഫിൽ നമസ്കാരം നിർവഹിക്കാൻ പ്രതിദിനം ശരാശരി 9,059 പെർമിറ്റുകളും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താൻ പ്രതിദിനം ശരാശരി 9,215 പെർമിറ്റുകളുമാണ് അനുവദിക്കുന്നത്. വിശുദ്ധ ഹറമിൽ ഇതുവരെ 2,24,04,324 പെർമിറ്റുകളും മസ്ജിദുന്നബവിയിൽ ഇതുവരെ 29,05,516 പെർമിറ്റുകളും അനുവദിച്ചതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മസ്ജിദുന്നബവിയിൽ റൗദ ശരീഫിൽ ഒഴികെ മറ്റിടങ്ങളിൽ നമസ്കാരങ്ങൾ നിർവഹിക്കാൻ മുൻകൂട്ടി പെർമിറ്റ് നേടേണ്ടതില്ല.
അതേസമയം, കൊറോണ വ്യാപനത്തിന്റെയും വൈറസിന്റെ ഒമിക്രോൺ വകഭേദം വലിയ തോതിൽ പടർന്നുപിടിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ വിശുദ്ധ ഹറമിൽ മുൻകരുതൽ, പ്രതിരോധ നടപടികൾ ശക്തമാക്കാനും വിശുദ്ധ ഹറമിൽ സുസജ്ജത ഉയർത്താനും ഹറംകാര്യ വകുപ്പിനു കീഴിലെ വിവിധ വിഭാഗങ്ങൾക്ക് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകി.
വിശുദ്ധ ഹറമിൽ ഉംറ തീർഥാടകർക്കിടയിൽ ഹറംകാര്യ വകുപ്പ് സൗജന്യമായി കുടകൾ വിതരണം ചെയ്തു. 6000 കുടകളാണ് കഴിഞ്ഞ ദിവസം ഹറംകാര്യ വകുപ്പ് വിതരണം ചെയ്തത്. വെയിലിൽനിന്നും മഴയിൽ നിന്നും തീർഥാടകർക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടാണ് സൗജന്യമായി കുടകൾ വിതരണം ചെയ്തത്.