ഹജ് സീസണിൽ ബലി മാംസ പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികളുടെ വിസാ ഫീസ് സർക്കാർ വഹിക്കുന്നത് ഈ വർഷവും തുടരാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യോമഗതാഗത മേഖലയിൽ പരസ്പര സഹകരണത്തിന് ഖത്തറുമായി ഒപ്പുവെച്ച കരാറും ടെലികോം, ഐ.ടി, തപാൽ മേഖലയിൽ പരസ്പര സഹകരണത്തിന് ഒമാനുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന സൗദി പൗരന്മാരും ബഹ്‌റൈൻ പൗരന്മാരും ഇരു രാജ്യങ്ങളിലും കഴിയുന്ന വിദേശികളും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഹെൽത്ത് പാസ്‌പോർട്ട് സംവിധാനം ആക്ടിവേറ്റ് ചെയ്യാൻ സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബഹ്‌റൈനിലെ ഇൻഫർമേഷൻ, ഇ-ഗവൺമെന്റ് അതോറിറ്റിയും ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. സൗദിയിൽ പ്രാക്ടീസ് ചെയ്യുന്നതിന് വിദേശ ലോ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്ന നിലക്ക് ബന്ധപ്പെട്ട നിയമത്തിൽ മന്ത്രിസഭ ഭേദഗതി വരുത്തുകയും ചെയ്തു.