ഹജ്, ഉംറ തീർഥാടകർക്ക് ഹാനികരമായ ഭക്ഷണം കരുതിക്കൂട്ടി വിതരണം ചെയ്യുന്നവർക്ക് പത്തു വർഷം വരെ തടവും ഒരു കോടി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഹാനികരമായ ഭക്ഷണങ്ങളും നിരോധിത ഭക്ഷ്യവസ്തുക്കളും മായംചേർത്ത ഭക്ഷണങ്ങളും കരുതിക്കൂട്ടി ക്രയവിക്രയം ചെയ്യുന്നത് തീർഥാടകരുടെ ആരോഗ്യ സുരക്ഷയും ഭക്ഷ്യസുരക്ഷയുമായും ബന്ധപ്പെട്ട നിയമം വിലക്കുന്നു. ഇങ്ങിനെ ചെയ്യുന്നവർക്ക് പത്തു വർഷം വരെ തടവും ഒരു കോടി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ ഭക്ഷ്യവസ്തു മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് നിയമ ലംഘകർക്ക് വിലക്കേർപ്പെടുത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കേസുകളിൽ അന്തിമ വിധി വന്ന ശേഷം നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർക്കുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവിൽ പത്രങ്ങളിൽ പരസ്യപ്പെടുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.