ജിദ്ദക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണം വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ വിമാനങ്ങളുടെ ആകാശപാതയിൽ ഭീതി വിതച്ചിരുന്നു. നിരവധി വിമാനങ്ങൾ സമയം വൈകിയാണ് ലാന്റ് ചെയ്തത്. തുടർന്ന് ജിദ്ദയുടെ പുറത്തുള്ള ആകാശത്ത് കുറെ നേരം ചെലവിട്ട ശേഷമാണ് വിമാനങ്ങൾ ലാന്റ് ചെയ്തത്. നാവിഗേഷൻ സിസ്റ്റത്തെയും ഹൂത്തി ആക്രമണം പ്രതികൂലമായി ബാധിച്ചു.
ജിദ്ദക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണം സഖ്യസൈന്യം നിർവീര്യമാക്കിയിരുന്നു. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് നടത്തിയ ആക്രമണം ആകാശത്തുവെച്ച് തന്നെ സൗദി സൈന്യം തടഞ്ഞു. ജിദ്ദ വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ഹൂത്തികളുടെ ആക്രമണം.
സൗദി അറേബ്യയിലെ വിവിധ നഗരങ്ങൾക്കും തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും നേരെ ഹൂത്തി മിലീഷ്യകളുടെ ആക്രമണ ശ്രമങ്ങൾ സഖ്യസേന നേരത്തെ വിഫലമാക്കിയിരുന്നു. ഇതിന് ശേഷമാണ് ജിദ്ദ ലക്ഷ്യമാക്കി ഹൂത്തികൾ വീണ്ടും മിസൈലാക്രമണം നടത്തിയത്. ജിസാൻ പ്രവിശ്യയിൽ പെട്ട അൽശുഖൈഖിലെ സമുദ്രജല ശുദ്ധീകരണ ശാലക്കും അറാംകോ എണ്ണ വിതരണ കേന്ദ്രത്തിനും നേരെ ആക്രമണ ശ്രമമുണ്ടായി.