ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,000 ലേറെ നിയമ ലംഘകർ പിടിയിലായി. ഈ മാസം അഞ്ചു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ 10,177 ഇഖാമ നിയമ ലംഘകരും 4,523 നുഴഞ്ഞുകയറ്റക്കാരും 2,090 തൊഴിൽ നിയമ ലംഘകരും ഉൾപ്പെടെ 16,790 നിയമ ലംഘകരാണ് പിടിയിലായത്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 709 പേരും പിടിയിലായി. ഇക്കൂട്ടത്തിൽ 63 ശതമാനം പേർ യെമനികളും 34 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്.
അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 86 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ 19 പേരും ഒരാഴ്ചക്കിടെ പിടിയിലായവരിൽ ഉൾപ്പെടുന്നു. നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 45,724 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 7,684 പേർ സ്ത്രീകളും 38,040 പേർ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 39,941 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ നേടുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. 1,750 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികളെടുക്കുന്നു. ഒരാഴ്ചക്കിടെ രാജ്യത്തു നിന്ന് 8,745 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.