റിയാദ് – റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ പഴയ ആസ്ഥാനത്ത് ഇറാൻ എംബസി വീണ്ടും തുറന്നു. ഉദ്ഘാടനച്ചടങ്ങിൽ സൗദി കോൺസുലർ അഫയേഴ്സ് വിദേശകാര്യ ഉപമന്ത്രി അലി അൽ-യൂസഫ്, കോൺസുലർ കാര്യങ്ങളുടെ ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി റെസ ബെക്ഡ്ലി, ഇറാൻ ചാർജ് ഡി അഫയർ ഹസൻ സർനേഗർ എന്നിവരും പങ്കെടുത്തു.
ചൈനയുടെ മധ്യസ്ഥതയിൽ ഉഭയകക്ഷി ബന്ധം പുനരാരംഭിക്കുന്നതിന് സൗദി അറേബ്യയും ഇറാനും തമ്മിൽ ഉഭയകക്ഷി കരാറിലെത്തിയതിന് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് എംബസി തുറക്കുന്നത്. കഴിഞ്ഞ മാസമാണ് ഇറാൻ സൗദി അറേബ്യയിലെ തങ്ങളുടെ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞനായ അലിറേസ എനായത്തിയെ നിയമിച്ചത്.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സൗദി അറേബ്യയിൽ നയതന്ത്ര ദൗത്യങ്ങൾ പുനരാരംഭിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സൗദി തലസ്ഥാനമായ റിയാദിലെ ഇറാൻ എംബസിയും ജിദ്ദയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) കോൺസുലേറ്റ് ജനറലും പ്രതിനിധി ഓഫീസും ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഔദ്യോഗികമായി വീണ്ടും തുറക്കുമെന്ന് മന്ത്രാലയ വക്താവ് നാസർ കനാനി നേരത്തെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ജൂൺ അവസാനത്തോടെ സൗദി അറേബ്യയിലേക്ക് പോകുന്ന ഇറാനിയൻ തീർഥാടകരെ ഹജ്ജ് നിർവഹിക്കാൻ സഹായിക്കുന്നതിനായി റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും ഇതിനകം പ്രവർത്തനം ആരംഭിച്ചതായി കനാനി പറഞ്ഞു.
 
								 
															 
															 
															 
															








