റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും നീന്തൽ ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
മക്ക മേഖലയിലെ ഖുൻഫുദയിലും അൽ ലൈത്തിലും റിയാദിലെ സുൽഫി, അൽഗാത്ത്, ശഖ്റ, മജ്മഅ, റുമാഹ്, ഹാഇൽ, ഖസീം, അസീർ, ജീസാൻ എന്നിവിടങ്ങളിളും വടക്കൻ അതിർത്തികളിലും കിഴക്കൻ പ്രവിശ്യയിലും മഴക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക മേഖലയിലെ ത്വാഇഫ്, മെയ്സാൻ, അദ്ഹാം, അർദിയാത്ത്, തരാബ, അൽ മുവൈഹ്, അൽ ഖുർമ, റാനിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും അൽ ജൗഫ്, ഖസീം, കിഴക്കൻ പ്രവിശ്യ, അൽബാഹ, ജീസാൻ മേഖലകളിലും മിതമായ മഴയും ശക്തമായ പൊടിക്കാറ്റും ഉണ്ടായേക്കും. റിയാദ്, മദീന, ഹാഇൽ തുടങ്ങിയ മേഖലകളിലെ ചില പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.









