റിയാദ്: 2025 ൽ സൗദി അറേബ്യയിൽ എത്തിയത് 12.2 കോടിയിലധികം വിനോദ സഞ്ചാരികൾ. 2024 നെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 15 കോടി സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം അടുക്കുന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
2025ൽ വിനോദ സഞ്ചാരികൾ ചെലവഴിച്ചത് ആകെ 30,000 കോടി റിയാലാണെന്നും ഇത് 2024 നെ അപേക്ഷിച്ച് 6 ശതമാനം വർധനവാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ വർധിച്ചുവരുന്ന നിക്ഷേപം, വിനോദ സാംസ്‌കാരിക മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളും ലക്ഷ്യസ്ഥാനങ്ങളുമെല്ലാമാണ് ഈ നേട്ടം സ്വന്തമാക്കാൻ കാരണം.
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രധാന ആഗോള പരിപാടികൾക്കും വേദികൾക്കും ആതിഥേയത്വം വഹിക്കുന്നതുമാണ് ടൂറിസം മേഖലയിലെ വളർച്ചയ്ക്കുള്ള മറ്റൊരു കാരണം.









