റിയാദ്: സൗദി അറേബ്യയിലെ കായിക മത്സരങ്ങളുടെയും മറ്റ് കായിക പരിപാടികളുടെയും ടിക്കറ്റ് വിൽപ്പനയും പുനർവിൽപ്പനയും നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ പുറത്തിറക്കി. സൗദി കായിക മന്ത്രാലയമാണ് ചട്ടങ്ങൾ പുറത്തിറക്കിയത്. കായികരംഗത്തെ സുതാര്യത ഉറപ്പാക്കാനും ടിക്കറ്റ് വിപണിയിലെ കരിഞ്ചന്തയും മറ്റ് ക്രമക്കേടുകളും തടയാനും ലക്ഷ്യമിട്ടാണ് നടപടി.
*പുതിയ നിയന്ത്രണങ്ങളിലെ പ്രധാന നിർദ്ദേശങ്ങൾ:*
അംഗീകൃത പ്ലാറ്റ്ഫോമുകൾ മാത്രം: ടിക്കറ്റ് വിൽപ്പനയും പുനർവിൽപ്പനയും ഇവന്റ് ഓർഗനൈസർമാർക്കോ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരമുള്ള പ്ലാറ്റ്ഫോമുകൾക്കോ മാത്രമായി പരിമിതപ്പെടുത്തി. അനധികൃത അക്കൗണ്ടുകൾ വഴിയോ വെബ്സൈറ്റുകൾ വഴിയോ ടിക്കറ്റ് വിൽക്കുന്നത് നിരോധിച്ചു.
ഡിജിറ്റൽ ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കൽ: ടിക്കറ്റുകൾ വാങ്ങുന്നയാളുടെ യഥാർത്ഥ ഐഡന്റിറ്റിയുമായി (Absher/Nafath പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വഴി) ലിങ്ക് ചെയ്യും. ഇത് വ്യാജ വിൽപ്പനയും അമിതവില ഈടാക്കിയുള്ള കൈമാറ്റങ്ങളും തടയും.
വാങ്ങൽ പരിധി: ടിക്കറ്റ് പൂഴ്ത്തിവെപ്പ് തടയുന്നതിനായി ഒരു വ്യക്തിക്ക് പരമാവധി വാങ്ങാൻ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് കൃത്യമായ പരിധി നിശ്ചയിക്കും.
ബോട്ട് (ഓട്ടേമേറ്റഡ് ) ഉപയോഗത്തിന് വിലക്ക്: ടിക്കറ്റുകൾ കൂട്ടത്തോടെ വാങ്ങാൻ ഓട്ടോമേറ്റഡ് പ്രോഗ്രാമുകളോ (Bots) ഒന്നിലധികം വ്യാജ അക്കൗണ്ടുകളോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു.
വില സുതാര്യത: ടിക്കറ്റ് നിരക്കുകൾ, മറ്റ് ഫീസുകൾ, ക്യാൻസലേഷൻ, റീഫണ്ട് നയങ്ങൾ എന്നിവ വ്യക്തമായി വെളിപ്പെടുത്തണം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മറഞ്ഞിരിക്കുന്ന നിരക്കുകൾ പാടില്ല
സ്റ്റേഡിയം ശേഷി: കായിക മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട അധികാരികളും അനുവദിച്ചിട്ടുള്ള കൃത്യമായ സ്റ്റേഡിയം ശേഷി (Capacity) അനുസരിച്ച് മാത്രമേ ടിക്കറ്റുകൾ വിൽക്കാൻ പാടുള്ളൂ
ടിക്കറ്റിങ് പ്ലാറ്റ്ഫോമുകൾ സൗദിയിലെ സൈബർ സുരക്ഷാ മാനദണ്ഡങ്ങളും വ്യക്തിഗത വിവര സംരക്ഷണ നിയമങ്ങളും (PDPL) കർശനമായി പാലിച്ചിരിക്കണം.
അതേസമയം, പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി നവംബർ 15-ന് മന്ത്രാലയത്തിന്റെ ‘Riyadhi’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ടിക്കറ്റ് പ്ലാറ്റ്ഫോമുകൾക്ക് അംഗീകാരം നൽകുന്ന സേവനം ആരംഭിക്കും. നിലവിലുള്ള ടിക്കറ്റ് വിതരണക്കാർക്ക് ഈ പുതിയ സാങ്കേതിക-നിയമ മാനദണ്ഡങ്ങളിലേക്ക് മാറാൻ 90 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.






