ജിദ്ദ: സൗദിയിലെ പല പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞും മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരവധി പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനുള്ള രണ്ട് റെഡ് അലേർട്ടുകളും, മേഖലയിലെ മറ്റ് ഭാഗങ്ങളിൽ മൂടൽമഞ്ഞിനുള്ള ഓറഞ്ച് അലേർട്ടുകളും എൻസിഎം പുറപ്പെടുവിച്ചു.
വടക്കൻ അതിർത്തികൾ, ഹായിൽ, മക്ക, അസീർ, അൽ-ബഹ, ജസാൻ എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജസാൻ, അസീർ, അൽ-ബഹ, മക്ക, മദീന, ഹായിൽ, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ മിന്നൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴയും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നു.
ദമ്മാമിൽ ഏറ്റവും ഉയർന്ന താപനില 38°C ഉം, മക്കയിൽ 37°C ഉം, റിയാദ്, ജിദ്ദ, ബുറൈദ എന്നിവിടങ്ങളിൽ 36°C ഉം രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.









