റിയാദ്: സൗദിയിൽ അഴിമതി കുറ്റത്തിന് 174 സർക്കാർ ജീവനക്കാർ അറസ്റ്റിൽ. അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചു. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരായിരുന്നു അറസ്റ്റിലായത്.
നസാഹ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനാ പര്യടനങ്ങളെ തുടർന്നാണ് അറസ്റ്റ്. ഒക്ടോബർ മാസം 2,662 പരിശോധനകളാണ് അധികൃതർ നടത്തിയത്. 454 ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
സർക്കാർ സ്ഥാപനങ്ങളിലെ സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്.









