ദമ്മാം: സൗദിയിൽ 60 ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കുമെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. 2030ഓടെ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോജിസ്റ്റിക് മേഖലയിൽ രാജ്യത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ് മേഖലയിൽ സൗദിയിൽ വമ്പൻ പദ്ധതികളാണ് വരാനിരിക്കുന്നതെന്ന് ഊർജമന്ത്രി പറഞ്ഞു. 2030ഓടെ രാജ്യത്ത് 60 ലോജിസ്റ്റിക് സോണുകൾ നിലവിൽ വരും. ബീജിങ്ങിൽ നടക്കുന്ന തേർഡ് ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്ലുവിളികളെ നേരിടാനും ശക്തമായ സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക ബന്ധവും സംയോജനവും മെച്ചപ്പെടുത്തുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറകടക്കുന്നതിനും ആഗോള സമ്പദ്‍വ്യവസ്ഥ നേരിട്ട വെല്ലുവിളികളെ തരണം ചെയ്യുന്നതിനും രാജ്യങ്ങളും കൂട്ടായ്മകളും തമ്മിലുള്ള സഹകരണം സഹായകമായി. സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന് പോയ വർഷം സാക്ഷ്യം വഹിച്ചതായും അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു.