റിയാദ് – എഴുപതാം വയസ്സിൽ ബിരുദം നേടി സൗദി വനിതയായ സൽവ അൽ-ഒമാനി. ഇമാം അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇവർ ബിരുദം നേടിയത്. തടസ്സമായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് യൂണിവേഴ്സിറ്റി ബിരുദം നേടാനുള്ള നീണ്ട പോരാട്ടത്തിൽ വിജയം നേടിയതിന് ശേഷം അൽ-ഒമാനി തന്റെ സന്തോഷം പ്രകടിപ്പിച്ചു.
ബിരുദദാന ചടങ്ങിൽ പെൺമക്കളുടെ സാന്നിധ്യം അവരുടെ സന്തോഷത്തിന്റെ തീവ്രത കൂട്ടി. “ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇത് എന്റെ മനസ്സിൽ നിലനിൽക്കുന്ന ഒരു ഓർമ്മയാണ്,” അൽ-ഒമാനി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
17-ആം വയസ്സിൽ ഹൈസ്കൂളിൽ നിന്ന് മികച്ച ഗ്രേഡോടെയാണ് ബിരുദം നേടിയതെന്ന് അൽ-ഒമാനി വെളിപ്പെടുത്തി. ബാച്ചിലേഴ്സ് ഡിഗ്രി ചെയ്യാൻ ഉദ്ദേശിച്ചപ്പോൾ, അവർ യൂണിവേഴ്സിറ്റിയെ സമീപിക്കുകയും രസതന്ത്രത്തിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള ഔദ്യോഗിക എൻറോൾമെന്റിന് അനുമതി നേടുകയും ചെയ്തു.
അവരുടെ വിവാഹവും മറ്റ് നിർബന്ധങ്ങളും പഠനം പാതിവഴിയിൽ മുടങ്ങുന്നതിന് കാരണമായി. എന്നാൽ പഠനം തുടരാനുള്ള അഭിനിവേശം ഈ കാലഘട്ടത്തിലുടനീളം അവളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിൽ നിറഞ്ഞിരുന്നു. 46 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള തന്റെ ശ്രമം പുനരാരംഭിച്ചതെന്ന് അൽ ഒമാനി പറഞ്ഞു.