റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കൊണ്ടുപോകുന്നതിൽ കർശന ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഇതുസംബന്ധിച്ച് പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഡോക്ടറുടെ കുറിപ്പടി നിർബന്ധം
സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുമ്പോൾ ഡോക്ടറുടെ കുറിപ്പടി (Prescription) എപ്പോഴും കൈയിൽ കരുതണം. എന്നാൽ കുറിപ്പടിയുണ്ടെന്ന് കരുതി എല്ലാ മരുന്നുകളും സൗദിയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. ചില മരുന്നുകൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.
നിരോധിച്ചതും നിയന്ത്രിതവുമായ മരുന്നുകൾ
നിരോധിച്ച മരുന്നുകൾ രാജ്യത്തേക്ക് ഒരു കാരണവശാലും കൊണ്ടുവരാൻ പാടില്ല. നിയന്ത്രണമുള്ള മരുന്നുകളാണെങ്കിൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അനുമതിയും ആവശ്യമായ രേഖകളും വേണം.
പ്രത്യേക ശ്രദ്ധ വേണ്ട മരുന്നുകൾ
അൽപ്രസൊലം, ക്ലോണസെപാം, ഡയസെപാം, ട്രമഡോൾ തുടങ്ങിയ മരുന്നുകൾ കൊണ്ടുവരുന്നതിന് മുമ്പ് കടുത്ത മുൻകരുതൽ ഉറപ്പാക്കണം. സാധാരണയായി ഒരു മാസത്തേക്കുള്ള മരുന്നുകൾ മാത്രമേ കൊണ്ടുവരാവൂ എന്നാണ് നിർദേശം. കൂടാതെ, മരുന്നുകൾ കമ്പനി നൽകിയ യഥാർഥ പാക്കറ്റിൽ തന്നെ സൂക്ഷിക്കുകയും വേണം.
വെബ്സൈറ്റ് വഴി മുൻകൂർ അനുമതി തേടാം
മരുന്നുകൾ കൊണ്ടുവരുന്നതിന് മുമ്പ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ cds.sfda.gov.sa എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ പരിശോധിക്കാം. ആവശ്യമായ മുൻകൂർ അനുമതിയും ഈ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മരുന്നുമായി ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പടിയും മറ്റ് രേഖകളും ആറുമാസത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്.
പാഴ്‌സലുകളും മറ്റുള്ളവരുടെ ബാഗുകളും സൂക്ഷിക്കുക
മറ്റൊരാൾക്കുവേണ്ടിയാണ് മരുന്ന് കൊണ്ടുവരുന്നതെങ്കിലും ആവശ്യമായ രേഖകളും അനുമതികളും ഉണ്ടെന്ന് ഉറപ്പാക്കണം. മറ്റുള്ളവർ നൽകുന്ന പാഴ്‌സലുകളോ ബാഗുകളോ ഉള്ളടക്കം പരിശോധിക്കാതെ ഒരിക്കലും വിമാനയാത്രയ്ക്ക് കൊണ്ടുപോകരുത്.






