ജിദ്ദ- ജിദ്ദയിലെ ബഹറയിൽ കിംഗ് അബ്ദുൽ അസീസ് ശുദ്ധജല പദ്ധതിയുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കുന്നത് ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബഹറയ്ക്കു സമീപം അൽ മഹാമീദിൽ (20000) സ്ക്വയർ മീറ്റർ പ്രദേങ്ങളിൽ നിന്നുള്ള കയ്യേറ്റമൊഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയിരുന്നു.
ബഹറയിൽ ഇരുപത്തിയൊന്നായിരം സ്ക്വയർ മീറ്റർ അനധികൃത കയ്യേറ്റമാണ് ഒഴിപ്പിക്കാനുളളത്. ശുദ്ധ ജലപദ്ധതിയുടെ ഭാഗമായ സ്ഥലങ്ങൾ കയ്യേറി നിർമിച്ച വർക്കു ഷോപ്പുകളും കടകളും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിനു സ്ക്വയർ മീറ്റർ സ്ഥലങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഒഴിപ്പിച്ചെടുത്തിരുന്നു. കയ്യേറ്റക്കാർക്ക് സൗകര്യം ചെയ്തു കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ കയ്യേറ്റമുണ്ടാകാത്ത രീതിയിൽ പദ്ധതി പ്രദേശങ്ങളിൽ സുരക്ഷയൊരുക്കുമെന്നും കിംഗ് അബ്ദുൽ അസീസ് എന്റോവ്മെന്റ് പ്രോജക്ട് സെക്രട്ടറിയേറ്റ് വക്താവ് പറഞ്ഞു.