റിയാദ്- വർക്ക് ഷോപ്പിൽ കാർ നന്നാക്കുന്നതിനിടെ കാർ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. റിയാദ് പോലീസാണ് മോഷ്ടാവിനെ പിടികൂടിയത്. കാറുടമയും ഒപ്പമുള്ള മറ്റൊരാളും വർക്ക് ഷോപ്പിലെ രണ്ടു തൊഴിലാളികളും നോക്കിനിൽക്കെയാണ് കാർ മോഷണം പോയത്.വാഹനം കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവെന്നും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
വർക്ക് ഷോപ്പ് തൊഴിലാളികൾ കാറുടമയുമായി സംസാരിച്ചു കൊണ്ട് കാറിൽ റിപ്പയർ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് കാർ മോഷണം പോയത്. ഇതിനിടെ തൊഴിലാളികളിൽ ഒരാൾ വർക്ക് ഷോപ്പിനകത്തേക്ക് കയറിപ്പോയി. ഈ സമയത്ത് തിരക്കേറിയ റോഡിൽ കാറിന്റെ പിൻവശത്തു കൂടി നടന്നെത്തിയ യുവാവ് അതിവേഗതയിൽ കാർ പിന്നോട്ടെടുത്ത് റോഡിലേക്ക് ഇറക്കി കാറുമായി കടന്നുകളയുകയായിരുന്നു.
കാറുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ തടയാൻ ശ്രമിച്ച കാറുടമയെ ഇടിച്ചുതള്ളിയിട്ടാണ് യുവാവ് വാഹനവുമായി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ വർക്ക് ഷോപ്പിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.