ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യയുടെ മുന്നേറ്റം തുടരുന്നു. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം വലിയ മുന്നേറ്റമാണ് സമീപകാലത്തായി സൗദി നേടിയിരിക്കുന്നത്. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം പ്രതിവർഷം ഉൽപാദിപ്പിക്കുന്നത് 3,90,000 ടണ്ണിലധികം ഈന്തപ്പഴങ്ങളാണ്. പ്രവിശ്യ ആസ്ഥാനമായ ബുറൈദയിൽനിന്ന് കയറ്റിയയക്കപ്പെടുന്നത് നൂറിലധികം രാജ്യങ്ങളിലേക്കാണ്.
ബുറൈദയിൽനിന്ന് ഈന്തപ്പഴ പാക്ക് ചെയ്ത് സൗദിയിലെ മറ്റ് നഗരങ്ങളിലേക്കും വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രതിദിനം ടൺ കണക്കിന് ഈന്തപ്പഴം നിറച്ച ആയിരത്തിലധികം വാഹനങ്ങളാണ് ബുറൈദയിൽനിന്ന് പുറപ്പെടുന്നത്. എല്ലാവർഷവും ബുറൈദ പട്ടണം ആതിഥേയത്വം വഹിക്കുന്ന ഈന്തപ്പഴ ഉത്സവം മേഖലയിലെ ഏറ്റവും വലിയ വിപണനമേളയാണ്.