ജിദ്ദ: സൗദി അറേബ്യ കഴിഞ്ഞ വർഷം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 146.3 കോടി റിയാലിന്റെ ഈന്തപ്പഴമെന്ന് കണക്കുകൾ. ലോകത്ത് ഈന്തപ്പഴ ഉൽപാദനത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് സൗദി. 19 ലക്ഷം ടൺ ഈന്തപ്പഴമാണ് രാജ്യത്ത് കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത്. സൗദിയിൽ നിന്നും 119 രാജ്യങ്ങളിലേക്ക് ഈന്തപ്പഴം കയറ്റി അയച്ചുവെന്നും നാഷനൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് അറിയിച്ചു.
അതേസമയം, 2016 മുതൽ കഴിഞ്ഞ വർഷാവസാനം വരെ ഈന്തപ്പഴ കയറ്റുമതിയിൽ 152.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈന്തപ്പഴ കയറ്റുമതിയിൽ വാർഷിക വളർച്ച 12.3 ശതമാനമാണെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.
കയറ്റുമതിയും വിപണനവും എളുപ്പമാക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സർക്കാരും ഉൽപാദകരും കയറ്റുമതിക്കാരും നിരന്തര ശ്രമങ്ങൾ നടത്തിവരികയാണ്. രാജ്യത്തിന്റെ പൈതൃകവും സാംസ്കാരിക സ്വത്വവും പ്രതിഫലിപ്പിക്കുന്ന ഒരു സാംസ്കാരിക മൂല്യം എന്ന നിലയിൽ ഈന്തപ്പഴ മേഖലക്ക് ഭരണാധികാരികൾ നൽകുന്ന വലിയ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.