റിയാദ്: രാജ്യത്തെ ഇ-വാലറ്റുകൾക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സൗദി ദേശീയ ബാങ്ക് സാമ. നേരത്തെ പൊതുജനാഭിപ്രായം തേടി പുറത്തിറക്കിയ ഡ്രാഫ്റ്റ് നിയമങ്ങൾക്കാണ് ഭേദഗതികളോടെ അംഗീകാരം നൽകിയത്. രാജ്യത്തെ സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനും ഇലക്ട്രോണിക് മണി ഇൻസ്റ്റിട്യൂഷനുകളെ ശാക്തീകരിക്കുന്നതിനുമുള്ള സാമയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി.
ഇ-വാലറ്റ് നിയമങ്ങൾ മാർക്കറ്റ് പങ്കാളികളെ സംരക്ഷിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഇലക്ട്രോണിക് വാലറ്റുകൾ തുറക്കുന്നതിനുള്ള ആവശ്യകതകൾ, ഉപയോക്താക്കളുടെ വിവരശേഖരണവും സ്ഥിരീകരണവും, നിഷ്‌ക്രിയ വാലറ്റുകൾ വർഗ്ഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പരിഗണനകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്.