ജിദ്ദ- ഈജാർ പ്ലാറ്റ്‌ഫോമിലൂടെ അടയ്ക്കുന്ന വാടക അഞ്ച് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ കെട്ടിടം ഉടമയുടെ അക്കൗണ്ടിലെത്തുമെന്ന് ഈജാർ പ്ലാറ്റ്‌ഫോം അറിയിച്ചു. നിരവധി ദിവസങ്ങളായിട്ടും വാടകയിനത്തിൽ എത്തേണ്ട പണം തങ്ങൾക്ക് കിട്ടിയില്ലെന്ന കെട്ടിട ഉടമകളുടെ പരാതി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഈജാർ പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്.
താമസക്കാർ ഈജാർ വഴി പണം അടച്ചുകഴിഞ്ഞാലുടൻ ആ വിവരം അറിയിക്കുന്ന ഒരു സന്ദേശം തങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ ഫോണുകളിൽ കിട്ടിയാൽ നന്നായിരിക്കുമെന്നും ഉടമകൾ സൂചിപ്പിച്ചു. അതുപോലെ പണം ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാലുടനെയും മെസേജ് കിട്ടണം. ഇരുവിഭാഗങ്ങളുടേയും അവകാശങ്ങൾ ഉറപ്പുവരുത്തും വിധത്തിൽ പേയ്‌മെന്റ് സംവിധാനം ക്രമീകരിച്ചതിന് ഈജാർ അഭിനന്ദനം അർഹിക്കുന്നതായും ഉടമകൾ പറഞ്ഞു.