ജിദ്ദ – ഇന്ത്യയിലും ചൈനയിലും റിഫൈനിംഗ്, കെമിക്കൽസ് ബിസിനസ് വിപുലീകരിക്കുമെന്നും കൂടുതൽ ഏറ്റെടുക്കൽ നടത്തുമെന്നും സൗദി അരാംകോ റിഫൈനിംഗ്, കെമിക്കൽസ് വിഭാഗം പ്രസിഡന്റ് മുഹമ്മദ് യഹ്‌യ അൽഖഹ്താനി അറിയിച്ചു.
സൗദി അരാംകോ ഉൽപാദിപ്പിക്കുന്ന ഭൂരിഭാഗം ക്രൂഡ് ഓയിലും ഏഷ്യയിലാണ് വിൽക്കുന്നത്. ക്രൂഡ് ഓയിലിനും അനുബന്ധ ഉൽപന്നങ്ങൾക്കുമുള്ള ആവശ്യം ഏഷ്യയിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനയിൽ റിഫൈനിംഗ്, കെമിക്കൽസ് മേഖലയിൽ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ ഏറ്റെടുക്കലുകൾ നടത്താനും സൗദി ഗവൺമെന്റ് ഉടമസ്ഥതയിലുള്ള സൗദി അറാംകൊ ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. പെട്രോകെമിക്കൽസ്, എണ്ണ സംസ്‌കരണ മേഖലയിൽ നടത്തിയ നിക്ഷേപങ്ങളിലൂടെ 2016 മുതൽ കമ്പനി 8,000 കോടിയിലേറെ റിയാൽ വരുമാനം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ചൈനയിൽ പ്രമുഖ എണ്ണ കമ്പനിയുടെ ഓഹരികൾ സൗദി അരാംകോ സ്വന്തമാക്കിയിരുന്നു. മറ്റു രണ്ടു കമ്പനികൾ വാങ്ങുന്നതിനെ കുറിച്ച് അറാംകൊ നിലവിൽ ചർച്ചകൾ നടത്തിവരികയാണ്. ആഗോള തലത്തിൽ ഊർജ പരിവർത്തനത്തോടെ ഗതാഗത മേഖലയിൽ എണ്ണയുപയോഗം കുറയാൻ സാധ്യതയുണ്ടെങ്കിലും പ്ലാസ്റ്റിക് അടക്കമുള്ള ഉൽപന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന പെട്രോകെമിക്കൽസിനുള്ള ആവശ്യം വരും ദശകങ്ങളിലും വർധിക്കുമെന്നാണ് സൗദി അറേബ്യ കരുതുന്നത്.
സൗദി അരാംകോയെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ വളർച്ചയുള്ള വിപണികൾ ഇന്ത്യയും ചൈനയും തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളുമാണെന്ന് മുഹമ്മദ് യഹ്‌യ അൽഖഹ്താനി പറഞ്ഞു. ഇന്ത്യയിലും ചൈനയിലും പുതിയ ഏറ്റെടുക്കലുകൾ നടത്താനും നിലവിലുള്ള പദ്ധതികൾ വിപുലീകരിക്കാനും അവസരങ്ങൾ അന്വേഷിച്ചുവരികയാണ്. പുതിയ ഇടപാടുകളെ കുറിച്ച ചർച്ചകൾക്ക് നിലവിൽ ചൈനയിൽ അറാംകൊ സംഘങ്ങളുണ്ടെന്നും മുഹമ്മദ് യഹ്‌യ അൽഖഹ്താനി പറഞ്ഞു.
നേരത്തെ ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ സൗദി അറാംകൊ നീക്കം നടത്തിയിരുന്നു. റിലയൻസിനു കീഴിൽ ക്രൂഡ് ഓയിൽ പെട്രോകെമിക്കൽ ഉൽപന്നങ്ങളാക്കി മാറ്റുന്ന യൂനിറ്റിന്റെ 20 ശതമാനം ഓഹരികൾ വാങ്ങാൻ നോൺ-ബൈന്റിംഗ് ലെറ്റർ ഓഫ് ഇന്റന്റ് 2019 ഓഗസ്റ്റിൽ അറാംകൊ ഒപ്പുവെച്ചിരുന്നു. ഈ ഇടപാടിൽ നിന്ന് പിൻവാങ്ങുന്നതായി 2021 ൽ ഇരു കമ്പനികളും അറിയിച്ചു. ഞങ്ങളെ സംബന്ധിച്ചേടത്തോളം റിലയൻസ് വലിയ ഇടപാടുകാരാണ്. റിലയൻസുമായി പങ്കാളിത്തം സ്ഥാപിക്കാൻ സൗദി അറാംകൊ ആഗ്രഹിക്കുന്നു – അൽഖഹ്താനി പറഞ്ഞു.