റിയാദ്- സൗദി അറേബ്യയിലെ ജനപ്രിയ സംഗീതത്തിന്റെ ചരിത്രത്തിലേക്ക് വഴി തുറന്ന് ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ ഫിനാ ഫോൺ പ്രദർശനത്തിന്റെ തിരശീല ഉയർന്നു. ഫിന അൽഅവ്വൽ സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം ഒക്ടോബർ 12 ന് അവസാനിക്കും. പ്രവേശനം സൗജന്യമാണ്.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. വെള്ളിയാഴ്ച പ്രവേശനം വൈകുന്നേരം നാലു മുതലാണ്.1950 മുതൽ 2000 ത്തിന്റെ ആരംഭം വരെയുള്ള അതുല്യസംഗീത ശേഖരമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. സൗദി സംഗീത പൈതൃകത്തിന്റെ വിവിധ സാംസ്കാരിക വശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സൗദി നാടോടി സംഗീതത്തിന്റെ വികാസത്തെക്കുറിച്ച് അറിയുന്നതിനും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളെ ഓർക്കുന്നതിനും സമകാലിക സാംസ്കാരിക രംഗം കെട്ടിപ്പടുക്കുന്നതിൽ സൗദി സംഗീതത്തിന്റെ പങ്കിനെക്കുറിച്ച് അറിയുന്നതിനും സന്ദർശകർക്ക് അസുലഭമായ അവസരമാണിത്.
ടേപ്പ് റെക്കോഡുകൾ, കാസറ്റുകൾ, പഴയ റെക്കോർഡിംഗുകൾ, കലാകാരന്മാരുടെ പോസ്റ്ററുകൾ, അപൂർവ ഫോട്ടോകൾ തുടങ്ങി വിവിധ സംഗീത ശേഖരണങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക വിനിമയവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിനാ അൽഅവ്വൽ സെന്റർ നടത്തുന്ന കലാപ്രദർശന പരമ്പരയുടെ തുടർച്ച കൂടിയാണിത്.