ദമ്മാം: വിദേശ നിക്ഷേപകർക്കും സാമ്പത്തിക സഹായമൊരുക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഫിനാൻസിംഗ് ഗ്യാരണ്ടി നൽകാനുള്ള പദ്ധതിയാണ് നടപ്പിലാക്കുക. മുൻഷആത്ത് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്വദേശി സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി വരുന്ന കഫാല ഫിനാൻസിംഗിൽ വിദേശ നിക്ഷേപകരെ കൂടി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയിലെ വിദേശ നിക്ഷപകർക്ക് ഫിനാൻസിംഗ് ഗ്യാരണ്ടി നൽകാൻ പദ്ധതിയിടുന്നതായി മുൻഷആത്ത് കഫാല ഫിനാൻസിംഗ് സി.ഇ.ഒ ഹമാം ഹാഷിം അറിയിച്ചു. കൂടുതൽ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യം. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിൽ 2021-22 വർഷത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് 86.7 ബില്യൺ റിയാലിൽ നിന്നും 105.2 ബില്യൺ റിയാലിലേക്കെത്തി. എന്നാൽ കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ ഇടിവുണ്ടായി. ഇത് 46.2 ബില്യൺ റിയാലായി കുറഞ്ഞു.
ഈ സാഹചര്യത്തിലാണ് വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി പുതിയ നടപടികൾ സ്വീകരിക്കുന്നത്. 2030 ആകുമ്പോൾ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം 388 ബില്യൺ റിയാലിൽ എത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.