മക്ക: സന്ദർശക വിസയിലെത്തി ഹജ്ജിന് ശ്രമിക്കുന്നവർക്കും അതിന് അവസരം ഒരുക്കുന്നവർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റ് വീസ നൽകുന്നവർക്കും ഇത്തരക്കാർക്ക് അഭയമോ ഗതാഗത സൗകര്യമോ നൽകുന്നവർക്കും സമാന ശിക്ഷയുണ്ടാകും. ഹജ് വീസയിൽ എത്തുന്നവർക്ക് മാത്രമാണ് നിയമാനുസൃതം ഹജ് നിർവഹിക്കാൻ അനുമതിയെന്നും അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക അനുമതിപ്പത്രമില്ലാതെ ഹജ് അനുഷ്ഠിക്കുന്നവർക്ക് 20,000 റിയാലാണ് കുറഞ്ഞ പിഴയെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മറ്റു വിസയിലുള്ളവർ ഹജ് സീസണിൽ മക്കയിൽ പ്രവേശിച്ചാലും 20,000 ദിർഹം പിഴ ഈടാക്കും. ഹജ് പെർമിറ്റില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറുന്നവരെ പിടികൂടി നാടുകടത്തും. ഇവർക്ക് 10 വർഷത്തേക്ക് വിലക്കേർപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നിയമലംഘകർക്ക് മക്കയിലേക്ക് കടക്കാൻ ഗതാഗത സൗകര്യം ഒരുക്കുന്ന വാഹനം കണ്ടുകെട്ടുമെന്നും അധികൃതർ വിശദമാക്കി.