റിയാദ്: സൗദി അറേബ്യയിൽ വീട്ടുവാടക കുതിച്ചുയരുന്നുവെന്ന് റിപ്പോർട്ടുകൾ. 2025 മാർച്ചിൽ രാജ്യത്തെ പണപ്പെരുപ്പം 2.3 ശതമാനമായി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
സൗദിയിൽ പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം വീട്ടുവാടകയിലെ വർധനവാണ്. വീട്ടുവാടകയിൽ 8.2 ശതമാനവും അപ്പാർട്ട്മെന്റ് വാടകയിൽ 11.9 ശതമാനവും വർധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ വില 6.9 ശതമാനം ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമായി. ഭക്ഷണപാനീയങ്ങളുടെ വിലയിൽ 2 ശതമാനവും മാംസങ്ങൾക്കും കോഴിയിറച്ചിക്കും 3.8 ശതമാനവും വർധനവുണ്ടായി. ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 1.3 ശതമാനവും വിദ്യാഭ്യാസ ചെലവുകളിൽ നേരിയ വർധനവും രേഖപ്പെടുത്തി. അതേസമയം, ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ വീട്ടുവാടക നിയന്ത്രിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇടപെടൽ നടത്തുന്നുണ്ട്. റിയാദിലെ കെട്ടിട, ഭൂമി വിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കിയത് വാടക നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.