റിയാദ്: സൗദിയിൽ 932 ഡ്രൈവർമാർ പിടിയിൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ ടാക്സി സർവീസ് നടത്തിയ ഡ്രൈവർമാരാണ് പിടിയിലായത്. ഏറ്റവുമധികം അനധികൃത ടാക്സി ഡ്രൈവർമാർ പിടിയിലായത് റിയാദ് വിമാനത്താവളത്തിൽ നിന്നാണ്. അനധികൃത ടാക്സി സർവീസ് നടത്തിയതിന് 379 പേരെയാണ് റിയാദ് എയർപോർട്ടിൽ നിന്ന് പിടികൂടിയത്.
അനധികൃത ടാക്സി സർവീസുകൾക്ക് 5000 റിയാൽ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന. മദീന ജിദ്ദ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചുള്ള പരിശോധനയിലും നിരവധി പേർ പിടിയിലായി. ഇതോടെ ആറു മാസത്തിനിടെ ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തി പിടിയിലായവരുടെ എണ്ണം 7550 ആയി.
വിമാനത്താവളങ്ങളിൽ 24 മണിക്കൂറും അംഗീകൃത ടാക്സി സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ടാക്സികളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം യാത്രക്കാർക്ക് നിർദേശം നൽകി.