റിയാദ്: ഇന്ത്യൻ പ്രിമീയർ ലീഗിൽ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. ഐ.പി.എല്ലിനെ ഹോൾഡിങ് കമ്പനിക്ക് കീഴിലേക്ക് മാറ്റുന്നതിനെ കുറിച്ചും കമ്പനിയുടെ നിശ്ചിത ഓഹരി സൗദി അറേബ്യ വഹിക്കുന്നതിനെ കുറിച്ച് ആലോചനകൾ നടന്നതായാണ് റിപ്പോർട്ട്. ജി-20 ഉച്ചകോടിക്കായി സൗദി കിരീടവകാശി ഇന്ത്യയിലെത്തിയ സമയത്താണ് ചർച്ചകൾ നടന്നത്.
സ്പോർട്സ് മേഖലയിൽ വൻ നിക്ഷേപം നടത്തി വരുന്ന സൗദി അറേബ്യ കൂടുതൽ കായിക ഇനങ്ങളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഫുട്ബോൾ, ഗോൾഫ് ഇനങ്ങളിൽ വമ്പൻ പദ്ധതകൾക്ക് തുടക്കമിട്ട സൗദി ഇന്ത്യൻ പ്രീമിയർ ലീഗിൽ നിക്ഷേപമിറക്കാനുള്ള ഒരുക്കത്തിലാണ്. ഐ.പി.എല്ലിന്റെ നിശ്ചിത ശതമാനം ഓഹരി സ്വന്തമാക്കുന്നതിന് ഇന്ത്യയുമായി പ്രാഥമിക ചർച്ചകൾ നടന്നതായി ആന്താരാഷ്ട്ര മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐ.പി.എല്ലിനെ 30 ബില്യൺ ഡോളർ മുല്യമുള്ള ഹോൾഡിംഗ് കമ്പനി രൂപീകരിച്ച് അതിലേക്ക് മാറ്റുന്നതിനെ കുറിച്ചും ശേഷം കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരി സൗദി അറേബ്യ ഏറ്റെടുക്കുന്നത് സംബന്ധിച്ചുമാണ് ചർച്ചകൾ നടത്തിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉപദേശകൻ ഇത് സംബന്ധിച്ച ചർച്ചകൾ ഇന്ത്യൻ പ്രതിനിധികളുമായി നടത്തിയതായി സൂചനയുണ്ട്.