ജിദ്ദ- സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആഭ്യന്തര പ്രതിസന്ധി നേരിടുന്ന സുഡാനിൽ നിന്ന് ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കുന്നത് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യൻ സംഘവും ജിദ്ദയിലെത്തി. സൗദി സംഘത്തിനൊപ്പമാണ് ഇന്ത്യൻ സംഘത്തെയും എത്തിച്ചത്. ഇന്ത്യക്ക് പുറമെ, കുവൈറ്റ്, ഖത്തർ, എമിറേറ്റ്‌സ്, ഈജിപ്ത്, ടുണീഷ്യ, പാകിസ്ഥാൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കാനഡ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിലെ 66 പൗരന്മാരെയാണ് ജിദ്ദയിൽ എത്തിച്ചത്. സൗദി നാവിക സേനയുടെ കപ്പലാണ് രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്.
ദൗത്യത്തിന്റെ ഭാഗമായി അഞ്ചു കപ്പലുകൾ ജിദ്ദയിലെത്തി. 91 സൗദി പൗരന്മാരും കപ്പലിലുണ്ട്. സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരെ യാത്രാവിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാനാണ് നീക്കം. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്.
ഒഴിപ്പിക്കൽ ആരംഭിക്കുന്ന പക്ഷം രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിൽ നിന്നെത്തുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു വിമാനം നിലവിൽ ജിദ്ദയിലുണ്ട്.
സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൗദി വിദേശ മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിർദേശിച്ചതനുസരിച്ചാണ് വിദേശകാര്യ മന്ത്രാലയം അടിയന്തര ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കമിട്ടത്.