റിയാദ്: കഴിഞ്ഞ ദിവസം ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം റദ്ദാക്കി. ബുധനാഴ്ച രാവിലെ 11.30ന് ദമാമിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് റദ്ദാക്കി. എ 320 വിമാനമാണ് യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കിയത്. യന്ത്രത്തകരാറാണ് റദ്ദാക്കലിന് കാരണമായി കമ്പനി അധികൃതർ പറയുന്നത്. യാത്ര അനിശ്ചിതമായി നീണ്ടതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദമാം കിങ് ഫഹദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ കുടുങ്ങി.
ദുരിതത്തിലായ യാത്രക്കാർക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങൾ പോലും വിമാന കമ്പനി അധികൃതർ നൽകിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു. യാത്രക്കാർക്ക് വിമാനത്താവളത്തിൽ തന്നെ താമസം ഒരുക്കുകയായിരുന്നു. ഇന്നുള്ള വിമാനത്തിൽ യാത്ര അനുവദിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. അതേസമയം, യാത്രക്കാരിൽ ചിലർ സ്വന്തം ചെലവിൽ മറ്റു വിമാനങ്ങളിൽ ടിക്കറ്റെടുത്ത് യാത്രയാവുകയും ചെയ്തു.