ജിദ്ദ – സൗദിയിലെ പുതിയ ഇറാൻ അംബാസഡർ റിയാദ് ഇറാൻ എംബസിയിൽ ഇന്ന് ഔദ്യോഗികമായി അധികാരമേൽക്കുമെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് നാസിർ കൻആനി അറിയിച്ചു. ഗൾഫ് കാര്യങ്ങൾക്കുള്ള ഇറാൻ വിദേശ മന്ത്രിയുടെ അസിസ്റ്റന്റ് അലി രിദാ ഇനായത്തിയെ സൗദിയിലെ ഇറാൻ അംബാഡറായി നിയമിച്ചതായി ജൂൺ ആറിന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഏഴു വർഷത്തിന് ശേഷമാണ് ജൂൺ ആറിന് റിയാദിലെ ഇറാൻ എംബസി ഇറാൻ അധികൃതർ തുറന്നത്. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ചൈനയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും മാർച്ച് പത്തിന് ബെയ്ജിംഗിൽ വെച്ച് കരാർ ഒപ്പുവെക്കുകയും പിന്നീട് ഏപ്രിൽ ആറിന് ബെയ്ജിംഗിൽ വെച്ച് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്യാനും കൂടിക്കാഴ്ച നടത്തുകയും രണ്ടു മാസത്തിനുള്ളിൽ എംബസികൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിക്കാൻ ധാരണയിലെത്തുകയും ചെയ്തിരുന്നു.