ജിദ്ദ- ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വൈദ്യുതിയില്ലാത്തതായി പരാതി. വൈദ്യുതിയില്ലാതെ പ്രവർത്തിച്ചതുമൂലം കുട്ടികളിൽ പലരും അവശരായാണ് വീട്ടിൽ എത്തിയതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. രണ്ടര മാസത്തെ അവധിക്കു ശേഷമാണ് സ്കൂൾ കഴിഞ്ഞ ദിവസം തുറന്നത്.
ഇത്രയും ദിവസം അവധി ഉണ്ടായിട്ടും മതിയായ അറ്റകുറ്റ പണികൾ നടത്താതെയാണ് സ്കൂൾ തുറന്നതെന്നും സ്കൂൾ മാനേജ്മെന്റ് കഴിഞ്ഞ കുറെ നാളുകളായി സ്കൂളിനോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും രക്ഷിതാക്കൾ ആരോപിച്ചു. സകൂൾ പ്രവർത്തനം ആരംഭിച്ച് രണ്ടു പിരിയഡ് ആയപ്പോഴേക്കും കറന്റ് പോയി എ.സികൾ പ്രവർത്തനരഹിതമായി. ഇതുമൂലം കടുത്ത ചൂട് കാരണം കുട്ടികളിൽ പലർക്കും തലവേദനും ഛർദിയുമായാണ് വീട്ടിലെത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
അതേസമയം കഴിഞ്ഞ കുറേ നാളുകളായി സ്കൂളിന്റെ പഠന നിലവാരം കുറഞ്ഞു വരികയാണെന്നും ഇക്കാര്യത്തിൽ പഴതുപോലുള്ള ശ്രദ്ധ സ്കൂളിന് മേൽനോട്ടം വഹിക്കുന്നവർക്കില്ലെന്നും പരാതിയുണ്ട്. ഇത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം പരാതി നൽകാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ. ഇതിനായി വാട്സാപ് ഗ്രൂപ്പുകളിലൂടെ കാമ്പയിൻ ആരംഭിച്ചു.
കറന്റ് പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനാൽ തിങ്കൾ മുതൽ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പെൺകുട്ടികളുടെ വിഭാഗം സ്കൂൾ പ്രവർത്തിക്കുന്നതല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്ലാസുകൾ ഓൺലൈനിലായിരിക്കും നടക്കുക. ആൺകുട്ടികളുടെ വിഭാഗവും കെ.ജി സെക്ഷനും നിലവിലെ ടൈംടേബിൾ പ്രകാരം പ്രവർത്തിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.