ജിദ്ദ – നഗരസഭ സേവനങ്ങൾ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ബലദീ പ്ലാറ്റ്‌ഫോം വഴി സാധിക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നടത്തുന്ന മെഡിക്കലുകളുടെ പരിശോധന ഫലങ്ങളെ സിഹ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചതിലൂടെ നഗരസഭയെ നേരിട്ട് സമീപിക്കാതെ ഹെൽത്ത് കാർഡുകൾ ഇഷ്യൂ ചെയ്യാനും അവയുടെ പ്രിന്റൗട്ട് എടുക്കാനും ബലദീ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നതായും ജിദ്ദ നഗരസഭ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ മാസം ജിദ്ദയിൽ 6872 ഭക്ഷ്യസാമ്പിളുകൾ പിടിച്ചെടുത്ത് ലബോറട്ടറികളിൽ പരിശോധിച്ചതായി ജിദ്ദ നഗരസഭ അറിയിച്ചു. കഴിഞ്ഞ മാസം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്ന 10,331 പേർക്ക് ജിദ്ദ നഗരസഭ ഹെൽത്ത് കാർഡുകൾ അനുവദിച്ചിരുന്നു. നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ നിരീക്ഷിക്കാനും നഗരസഭക്കു കീഴിലെ 16 ശാഖ ബലദിയകളുടെ പരിധിയിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭ സംഘങ്ങൾ പരിശോധനകൾ നടത്തിയിരുന്നു.