റിയാദ്: റമദാനിൽ നിർധനർക്ക് വീടു വച്ചുനൽകുന്നതിന് സംഭാവന നൽകി സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചേർന്നാണ് 15 കോടി റിയാൽ സംഭാവന ചെയ്തത്. ജൂദ് റീജിയൻസ് ക്യംപെയ്നിലൂടെയാണ് നിർധനർക്ക് വീടുകൾ നിർമിച്ചു നൽകുക.
10 കോടി റിയാലാണ് സൽമാൻ രാജാവ് പദ്ധതിയിലേക്ക് സംഭാവന നൽകിയത്. മുഹമ്മദ് ബിൻ സൽമാൻ 5 കോടി റിയാലുമാണ് നൽകിയത്. ഇതു മാതൃകയാക്കി റമദാനിൽ പാവപ്പെട്ടവർക്ക് വീടുവച്ചു നൽകുന്ന പദ്ധതിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
2024 ലാണ് ക്യാപെയ്ൻ ആരംഭിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ക്യാംപെയ്നിലൂടെ 13 പ്രോവിൻസുകളിലായി ഇതിനകം പതിനായിരത്തിലേറെ വീടുകൾ നിർമിച്ചു നൽകി.