റിയാദ്: രാജ്യത്തെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. റമദാനിനോടനുബന്ധിച്ചാണ് നടപടി. പ്രവാസികളുൾപ്പെടെയുള്ള നിരവധി പേർക്ക് തീരുമാനം ആശ്വാസകരമാകും. ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ഇതിനോടകം ആരംഭിച്ചു.
ഗുരുതരമല്ലാത്ത പൊതു നിയമ ലംഘനങ്ങളിൽ നിയമനടപടി നേരിടുന്നവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പൊതുമാപ്പിന് അർഹരായവരുടെ പട്ടിക തയ്യാറാക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ ജയിൽ വകുപ്പിന് നിർദേശം നൽകി. മാപ്പിനർഹരായവരെ കണ്ടെത്തുന്നതിന് ഓരോ പ്രവിശ്യയിലും പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു.
വിവിധ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി നിലവിൽ വന്നത്. കൊലപാതകം, രാജ്യദ്രോഹം, ഭീകരപ്രവർത്തനം തുടങ്ങിയ ഗുരുതരമല്ലാത്തതും പൊതു നിയമ ലംഘനങ്ങളിൽ ശിക്ഷയനുഭവിക്കുന്നവരുമായ തടവുകാരെയാണ് ആനുകൂല്യത്തിന് പരിഗണിക്കുക. ഗതാഗത നിയമലംഘനം, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ, സദാചാര, മോഷണ കേസുകൾ, താമസ നിയമ ലംഘനം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട പുരുഷ വനിതകൾക്ക് ആനുകൂല്യം ലഭിച്ചേക്കും.