റിയാദ്- റിയാദിൽ നിന്ന് അൽഖുറയ്യാത്തിലേക്ക് ആഡംബര ട്രെയിൻ 2025ൽ സർവീസ് നടത്തുമെന്ന് സൗദി റെയിൽവേ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഈ ആഡംബര ട്രെയിനിനെ സർവീസിന് സജ്ജമാക്കാൻ പ്രമുഖ ആഡംബര ട്രെയിൻ നിർമാതാക്കളായ ഇറ്റലിയിലെ ആഴ്‌സനാലെയുമായി സൗദി റെയിൽവേ കരാർ ഒപ്പുവെച്ചു. 200 മില്യൺ റിയാലിനാണ് (53.33 മില്യൺ ഡോളർ) കരാർ ഒപ്പുവെച്ചത്.
കരാർ ഒപ്പുവെച്ചതിന് പിന്നാലെ 40 ആഡംബര കാബിനുകളുള്ള ട്രെയിനിന്റെ നിർമാണം ആരംഭിച്ചു. 2025 അവസാനത്തോടെ ഇത് സർവീസിനെത്തും. മരുഭൂമിയുടെ വിസ്മയ കാഴ്ചകളിലൂടെ റിയാദ്, അൽഖസീം, ഹായിൽ, അൽജൗഫ് വഴി 1300 കിലോമീറ്റർ താണ്ടിയാണ് ഈ ട്രെയിൻ ജോർദാൻ അതിർത്തി പ്രദേശമായ അൽഖുറയ്യാത്തിലെത്തുക. സൗദിയുടെ പാരമ്പര്യവും ശൈലിയും ഉൾക്കൊണ്ട രൂപകൽപനയിൽ തയാറാക്കുന്ന ട്രെയിനിലെ യാത്രക്ക് ഈ വർഷാവസാനം ബൂക്കിംഗ് സ്വീകരിക്കും. പരമാവധി 82 പേർക്ക് ഒന്നോ രണ്ടോ രാത്രിയാണ് സർവീസെന്ന് ആഴ്‌സനാലെ ഗ്രൂപ്പിന്റെ സിഇഒ പൗലോ ബാർലെറ്റ അറിയിച്ചു.
ഈ റൂട്ടിൽ നേരത്തെ തന്നെ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.
11 സാധാരണ കമ്പാർട്ട്‌മെന്റുകളും 12 ഡീലക്‌സ് കാബിനുകളും 18 സ്യൂട്ടുകളും ഒരു ഹോണർ സ്യൂട്ടും ഒരു റെസ്‌റ്റോറന്റ് കാറുമടക്കം അവിശ്വസനീയ സൗകര്യമുള്ള മറ്റൊരു ട്രെയിൻ 2021 മുതൽ സർവീസിലുണ്ട്. അതിവേഗ ട്രെയിനുകളുടെ ആവശ്യം ലോകമെമ്പാടും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഡംബര ട്രെയിൻ വിപണിയിൽ പ്രവേശിക്കാൻ സൗദി അറേബ്യയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്. 2018 ൽ മദീന, മക്ക നഗരങ്ങളെയും ജിദ്ദ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് തുടങ്ങിയത് മുതൽ മരുഭൂ സ്വപ്‌നം അഥവാ ഹിൽമുൽ സഹ്‌റാ യന്ന ഈ ട്രെയിൻ പദ്ധതി അണിയറയിലുണ്ട്.